#Latest News #Koyilandy #Fire Force #Rescue #Septic Tank
കൊയിലാണ്ടി: (koyilandy.truevisionnews.com) കൊല്ലം പതിനേഴാം മൈലിൽ നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ പോത്തിനെ അഗ്നിരക്ഷാസേന സുരക്ഷിതമായി പുറത്തെടുത്തു.ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. പതിനേഴാം മൈലിലെ 'കെൽസ വില്ല' എന്ന വീട്ടുപറമ്പിൽ പണി നടന്നുകൊണ്ടിരുന്ന സെപ്റ്റിക് ടാങ്കിലേക്കാണ് പോത്ത് അബദ്ധത്തിൽ വീണത്.
കരയിൽ നിന്ന് കാൽവഴുതി ടാങ്കിലേക്ക് വീഴുകയായിരുന്നു.വിവരമറിഞ്ഞ് കൊയിലാണ്ടി ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി. ടാങ്കിനുള്ളിൽ ഇറങ്ങിയ എഫ്.ആർ.ഒ അനൂപും സേനാംഗങ്ങളും നാട്ടുകാരുടെ സഹായത്തോടെ റോപ്പ് ഉപയോഗിച്ച് പോത്തിനെ കെട്ടി ഉയർത്തി.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പോത്തിനെ പരിക്കുകളൊന്നുമില്ലാതെ സുരക്ഷിതമായി കരയ്ക്ക് എത്തിക്കാൻ സാധിച്ചു.എസ്.എഫ്.ആർ.ഒ ഷിജിയുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ ഫയർഫോഴ്സ് ജീവനക്കാരായ ലതീഷ്, ബിനീഷ്, നിധി പ്രസാദ്, രജീഷ് എന്നിവർ പങ്കെടുത്തു.
മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനം നാട്ടുകാരുടെ ആശങ്കയ്ക്ക് വിരാമമിട്ടു. സെപ്റ്റിക് ടാങ്കുകൾക്ക് ചുറ്റും സുരക്ഷാ മറകൾ സ്ഥാപിക്കണമെന്നും ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത വേണമെന്നും ഫയർഫോഴ്സ് അധികൃതർ നിർദ്ദേശിച്ചു.
Content Highlight: Buffalo Rescued From Septic Tank Kollam 17th Mile Koyilandy Fire Force








































