#Latest News #Koyilandy #Female Enumerator Attacked
കൊയിലാണ്ടി: (koyilandy.truevisionnews.com) സെന്‍സസ് ജോലിക്കായി എത്തിയ വനിതാ എന്യൂമറേറ്റര്‍ക്ക് നേരെ മദ്യപാനിയുടെ അതിക്രമം. അരങ്ങാടത്ത് തങ്ങള്‍മുക്കിലാണ് സംഭവം. ഉച്ചയ്ക്ക് ഒന്നരയോടെ വീടുകളിലെത്തി വിവരം ശേഖരിക്കുന്നതിനിടെയാണ് എന്യൂമറേറ്റര്‍ക്ക് ദുരനുഭവമുണ്ടായത്.
സെന്‍സസ് വിവരശേഖരണത്തിനായി ഒരു വീടിന്റെ മുറ്റത്ത് എത്തിയ എന്യൂമറേറ്ററെ മദ്യപിച്ചെത്തിയ ഒരാള്‍ അശ്ലീല വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാളില്‍ നിന്ന് രക്ഷപ്പെടാനായി സമീപത്തെ മറ്റൊരു വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും, അവിടെയും ഇയാള്‍ പെപ്പര്‍ സ്‌പ്രേയുമായി പിന്തുടര്‍ന്നെത്തി ആക്രമണം തുടര്‍ന്നു. ഗേറ്റ് തകര്‍ത്ത് അകത്തുകയറാനും ഇയാള്‍ ശ്രമിച്ചതായി എന്യൂമറേറ്റര്‍ പറഞ്ഞു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൂടെ ഭര്‍ത്താവ് ഉണ്ടായിരുന്നത് കൊണ്ടാണ് വലിയ അപകടം ഒഴിവായതെന്ന് എന്യൂമറേറ്റര്‍ പറഞ്ഞു. സെന്‍സസ് ഡ്യൂട്ടി തുടങ്ങിയത് മുതല്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും, പലയിടങ്ങളിലും തെരുവുനായകളുടെ ശല്യം കാരണം ജോലിക്കായി പോകുന്നത് ദുഷ്കരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Female enumerator attacked while on census duty at Arangad.



































