#Latest News #Payyoli #Stray Dog
പയ്യോളി: (koyilandy.truevisionnews.com) തുറയൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായകളുടെ ആക്രമണം വ്യാപകമാകുന്നു. ചൊവ്വാഴ്ച ഉച്ചയോടെ പഞ്ചായത്തിലെ ചിറക്കര, ഇടിഞ്ഞകടവ്, കുലുപ്പ, ഇരിങ്ങത്ത്, ചൂരക്കാട് വയൽ, ആക്കൂൽവയൽ തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവുനായകൾ ജനങ്ങളെയും വളർത്തുമൃഗങ്ങളെയും അക്രമിച്ചത്. വിദ്യാർഥികളും വയോധികരുമടക്കം ഏഴ് പേർക്കാണ് നായയുടെ കടിയേറ്റത്.
നിമിഷ (ചിറക്കര), സഫിയ (ഇടിഞ്ഞകടവ്), ഗോപാലകൃഷ്ണൻ (കുലുപ്പനാഗത്ത്), സീനത്ത്, ശ്രീകല (ഇരിങ്ങത്ത്), അഭിനന്ദ് ചന്ദ്രൻ (ചൂരക്കാട് വയൽ), കുഞ്ഞയിഷ (ആക്കൂൽവയൽ) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവർ ചികിത്സയ്ക്കായി കൊയിലാണ്ടി താലൂക്ക് ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ്, പേരാമ്പ്ര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിക്കപ്പെട്ടു. മനുഷ്യർക്ക് പുറമെ പുന്നക്കൽ നാരായണന്റെ പശുക്കുട്ടിയെയും നായ കടിച്ചു പരിക്കേൽപ്പിച്ചു. നാട്ടുകാർക്കിടയിൽ വലിയ ആശങ്കയാണ് ഈ സംഭവങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്.
Content Highlight: Stray dog harassment is rampant in Thurayur







































