---
title: "മനുഷ്യത്വത്തിന്റെ വേറിട്ട മാതൃക; ജപ്തി ഭീഷണിയിലായ കുടുംബത്തിന്റെ കടം സ്വന്തം കയ്യിൽ നിന്നടച്ചു, മാതൃകയായി ബാങ്ക് ജീവനക്കാരി"
english_title: "Bank employee pays off family's debt under threat of foreclosure with her own hands"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/363611/bank-employee-pays-off-familys-debt-under-threat-of-foreclosure-with-her-own-hands"
published_at: "2026-06-03T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ffcaf8a12f_koyi6.jpg"
keywords: ["Latest News", "Koyilandy", "Model Of Humanity", "Bank Employee"]
---

# മനുഷ്യത്വത്തിന്റെ വേറിട്ട മാതൃക; ജപ്തി ഭീഷണിയിലായ കുടുംബത്തിന്റെ കടം സ്വന്തം കയ്യിൽ നിന്നടച്ചു, മാതൃകയായി ബാങ്ക് ജീവനക്കാരി

> **Lead Summary:** **കൊയിലാണ്ടി: [ **ബാങ്ക് ജപ്തിയിലൂടെ വീടും കുടിയും നഷ്ടപ്പെടുമായിരുന്ന ഒരു നിർധന കുടുംബത്തിന് സ്വന്തം സമ്പാദ്യത്തിൽ നിന്നും പണമടച്ച് തുണയായി ബാങ്ക് ജീവനക്കാരിയുടെ കാരുണ്യഹസ്തം.

## Article Content

**കൊയിലാണ്ടി: [ **ബാങ്ക് ജപ്തിയിലൂടെ വീടും കുടിയും നഷ്ടപ്പെടുമായിരുന്ന ഒരു നിർധന കുടുംബത്തിന് സ്വന്തം സമ്പാദ്യത്തിൽ നിന്നും പണമടച്ച് തുണയായി ബാങ്ക് ജീവനക്കാരിയുടെ കാരുണ്യഹസ്തം.

കൊയിലാണ്ടി താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്കിലെ അസിസ്റ്റന്റ് സെക്രട്ടറിയായ മേഴ്‌സി ചെറിയാനാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന വേളയിൽ മനുഷ്യത്വത്തിന്റെ വേറിട്ടൊരു മാതൃകയായി മാറിയത്.

കടക്കെണിയിൽ പെട്ട് ജപ്തിയുടെ നിഴലിലായിരുന്ന കുടുംബത്തിന്റെ ബാധ്യത മുഴുവൻ സ്വന്തം കൈയിൽ നിന്നും അടച്ചുതീർത്താണ്, 29 വർഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ മേയ് 30-ന് അവർ ബാങ്കിന്റെ പടിയിറങ്ങിയത്. വർഷങ്ങൾക്ക് മുൻപ് ബാങ്ക് റിക്കവറിയുടെ ഭാഗമായി വീടുകളിൽ പോകുമ്പോൾ നിരാലംബരുടെ ദയനീയാവസ്ഥ കണ്ട് കൈയിലുള്ള തുക മുഴുവൻ അവർക്ക് നൽകി മടങ്ങുന്നത് മേഴ്‌സി ചെറിയാന്റെ പതിവായിരുന്നു.

അങ്ങനെയൊരു സാഹചര്യത്തിലാണ് 2022 ജനുവരിയിൽ ജപ്തി നടപടികളിലേക്ക് നീങ്ങിയ ബാലുശ്ശേരി കോക്കല്ലൂർ മരപ്പാലം കവുങ്ങിൻ തോട്ടത്തിൽ ജാനകിയുടെ കുടുംബം ബാങ്കിന്റെ അദാലത്തിലെത്തുന്നത്.

തിരിച്ചടക്കാൻ മറ്റ് വഴികളൊന്നുമില്ലാതെ ബാങ്ക് വരാന്തയിലിരുന്ന് പൊട്ടിക്കരഞ്ഞ ആ കുടുംബത്തെ മേഴ്‌സി ആശ്വസിപ്പിക്കുകയും താത്കാലികമായി ജപ്തി ഒഴിവാക്കാൻ വായ്പ പുതുക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു.

കഴിഞ്ഞ നാല് വർഷത്തോളമായി ഈ കുടുംബത്തിന്റെ മാസത്തവണകൾ കൃത്യമായി അടച്ചുപോന്നിരുന്നത് മേഴ്‌സി ചെറിയാൻ സ്വന്തം കൈയിൽ നിന്നായിരുന്നവെന്ന കാര്യം സഹപ്രവർത്തകർ പോലും അറിയുന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്.

താൻ വിരമിച്ചതിന് ശേഷം ഈ കുടുംബത്തിന് മാസത്തവണകൾ അടയ്ക്കാൻ ബുദ്ധിമുട്ടാകുമെന്ന് മനസ്സിലാക്കിയ മേഴ്‌സി, ജോലിയിൽ നിന്നു പടിയിറങ്ങുന്നതിന് മുൻപ് ആ വായ്പ പൂർണ്ണമായി ക്ലോസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

തന്റെ ശിഷ്ടകാല ജീവിതത്തിനായി കരുതിവെക്കേണ്ട വലിയൊരു തുകയാണ് ഇതിനായി അവർ വിനിയോഗിച്ചത്. 29 വർഷത്തെ സർവീസിനിടയിൽ കെ.സി.ഇ.യു. നേതൃത്വത്തിൽ പ്രതിമാസം 500 രൂപ വീതം ചേർത്തുവന്ന യൂണിയൻ ഫണ്ടും അതിന്റെ പലിശയും പൂർണ്ണമായി പിൻവലിച്ചാണ് വായ്പ അവസാനിപ്പിക്കാൻ ആവശ്യമായ തുക അവർ കണ്ടെത്തിയത്.

ഔദ്യോഗിക പദവിയിൽ നിന്നും വിരമിക്കുമ്പോഴും ഒരു കുടുംബത്തിന് തലചായ്ക്കാൻ സ്വന്തം വീട് കാത്തുനൽകിയ മേഴ്‌സി ചെറിയാന് ബാങ്ക് ജീവനക്കാരും നാട്ടുകാരും ചേർന്ന് ഹൃദ്യമായ യാത്രയയപ്പാണ് നൽകിയത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/363611/bank-employee-pays-off-familys-debt-under-threat-of-foreclosure-with-her-own-hands)